Wednesday, November 18, 2009

മുടി മാറട്ടെ !!

കരണ്‍ ജോഹറിന്റെ 'മൈ നേം ഇൌസ് ഖാന്‍' എന്ന പുതിയ ചിത്രത്തിനു വേണ്ടി മുടി പറ്റവെട്ടിയിരിക്കുകയാണ് ഷാറൂഖ് ഖാന്‍. ഹെയര്‍ ഡ്രസ്സര്‍ ദില്‍ഷാദ് വ്യത്യസ്തമായ സ്റ്റൈലിലാണ് ഷാറൂഖിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ക്രൂ കട്ടിന്റെ മറ്റൊരു രൂപം. കുറച്ചുനാള്‍ മുന്‍പ് ഒാം ശാന്തി ഒാം എന്ന ചിത്രത്തില്‍ മറ്റു ചില ഹെയര്‍സ്റ്റൈലുകള്‍ ഷാറൂഖ് അവതരിപ്പിച്ചിരുന്നു. ഷാറൂഖിന്റെ പുതിയ സ്റ്റൈല്‍ ഇപ്പോഴേ പരീക്ഷിക്കണമെന്നുണ്ടോ? എന്റെ തലയ്ക്ക് ശരിയാവില്ലെന്നു പറയാന്‍ വരട്ടെ. ഒന്നു പരീക്ഷിച്ചുനോക്കരുതോ? പേടിക്കേണ്ട. ഒരു മുടിനാരു പോലും വെട്ടിമാറ്റാതെ പുതിയ ഷാറൂഖ് സ്റ്റൈല്‍ പരീക്ഷിക്കാന്‍ അവസരമുണ്ട്. www.hairmixer.com എന്ന വെബ്സൈറ്റ് സഹായിക്കും. മുഖത്തിനു യോജിക്കുന്ന ഹെയര്‍സ്റ്റൈല്‍ കണ്ടെത്താന്‍ സഹായിക്കുകയാണ് ഇൌ സൈറ്റിന്റെ ധര്‍മം. സൌജന്യസേവനം. ഹോംപേജില്‍ തന്നെ രണ്ട് ചിത്രങ്ങള്‍ കാണാം. ഇതു രണ്ടും മാറ്റി അതിനു പകരം ഒരിടത്ത് നിങ്ങളുടെ പടവും അപ്പുറത്ത് ഷാറൂഖിന്റെ പുതിയ പടവും അപ്ലോഡ് ചെയ്യുക. അടുത്തുള്ള ഹെയര്‍മിക്സര്‍ ബട്ടണില്‍ ക്ളിക്ക് ചെയ്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഷാറൂഖിന്റെ മുടി നിങ്ങളുടെ തലയിലെത്തും. പടത്തിന്റെ വലിപ്പം കൂട്ടാനും കുറയ്ക്കാനും സംവിധാനമുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഐശ്വര്യ റായ് ബച്ചന്റെയോ ദീപിക പദുക്കോണിന്റെയോ ചിത്രമിടാം. മുടിമാറുമ്പോള്‍ ആരാണ് കൂടുതല്‍ സുന്ദരിയെന്നു നോക്കാമല്ലോ. ഷാറൂഖിന്റെ തലമുടിയല്ല, മറ്റൊരു സ്റ്റൈലാണ് നിങ്ങള്‍ വേണ്ടതെങ്കില്‍ അതിനും വഴിയുണ്ട്. www.thehairstyler.com, www.hairstyledesign.com തുടങ്ങിയ വെബ്സൈറ്റുകളില്‍ കയറിനോക്കൂ. നിങ്ങളുടെ മുടിയുടെ സ്വഭാവത്തിനു യോജിക്കുന്ന ആയിരക്കണക്കിനു ഹെയര്‍സ്റ്റൈലുകള്‍ ഇവിടെ കാണാം. ഹോളിവുഡ്, ബോളിവുഡ് താരങ്ങളുടെ ഹെയര്‍സ്റ്റൈലുകള്‍ തിരഞ്ഞ് നല്ലൊരെണ്ണം തിരഞ്ഞെടുക്കാം. ആ പടവുമായി ഹെയര്‍ മിക്സറിലേക്കു പോയി മിക്സ് ചെയ്തു നോക്കാം. ഷാറൂഖിനെയും മമ്മൂട്ടിയെയുമൊക്കെ വെല്ലുന്ന ഹെയര്‍സ്റ്റൈലാണ് നിങ്ങള്‍ക്ക് ഇപ്പോഴുള്ളതെങ്കില്‍ നിങ്ങളുടെ മുടിയഴക് കാണിക്കുന്ന നല്ലൊരു ചിത്രം ഇൌ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്തുകൊടുക്കൂ. ആര്‍ക്കറിയാം, ചിലപ്പോള്‍ നിങ്ങളുടെ ഹെയര്‍സ്റ്റൈലാവും അടുത്ത ചിത്രത്തില്‍ ഷാറൂഖ് കോപ്പിയടിക്കുക !

(Published in Malayala Manorama Yuva Page)